Tuesday, September 28, 2010

ഓര്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്

"ഇന്നലകളിലേക്ക് തിരിച്ചുപോയി ജീവിതത്തിന്റെ ചിതലരിച്ച താളുകള്‍ ഒന്ന് പരതിനോക്കിയപ്പോള്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്"

"ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്"


പുത്തനുടുപ്പും കുടയും സ്ലേറ്റും പുസ്തകങ്ങളുമായി അച്ഛന്റെ/അമ്മയുടെ കൈപിടിച്ച് തെല്ലൊരു പരിഭ്രമത്തോടെ അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ നടന്നു കയറിയ ആ ദിനം ഓര്‍ക്കുന്നുണ്ടോ?


അക്ഷരങ്ങള്‍ തോഴന്മാരും വാക്കുകള്‍ തോഴിമാരും ആയി തുടങ്ങിയപ്പോള്‍ ടീച്ചര്‍ ഈണത്തില്‍ പാടി തന്ന "ഒന്നാനാം കൊച്ചുതുമ്പിയെ" ഓര്‍മ്മയില്ലേ?


ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോനീ ??
നിന്റെ കൂടെ പോന്നാലോ ,
എന്തെല്ലാം തരുമെനിക്ക് ??
കളിപ്പാനോ കളംതരുവേന്‍,
കുളിപ്പാനോ കുളംതരുവേന്‍.
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌,
ഇട്ടുണ്ണാന്‍ പൊന്‍തളിക ,
കൈ കഴുകാന്‍ വെള്ളിക്കിണ്ടി ,
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌.
ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോ നീ ??


നമ്മള്‍ ഒരിക്കലും മടിയന്മാര്‍ ആകരുത് എന്നൊരുപദേശത്തോടുകൂടി ടീച്ചര്‍ താളത്തില്‍ ചൊല്ലിത്തന്ന
'പൈങ്കിളിയും , വണ്ടത്താനേയും,ചെറുനായയേയും,ചെറുപയ്യനേയും' ഓര്‍ക്കുന്നില്ലേ?

പൈങ്കിളിയെ പൈങ്കിളിയെ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല ചില്ലകളാല്‍ കൂട് ചമയ്ക്കാന്‍ പോകുന്നു... !!
വണ്ടത്താനേ വണ്ടത്താനേ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല പൂക്കളിലെ തേന്‍ നുകരാന്‍ പോകുന്നു... !!
ചെറുനായേ ചെറുനായേ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല യജമാന്റെ വാതിലുകാക്കാന്‍ പോകുന്നു... !!
മടിയാതെ ജോലിക്കായ്‌ എല്ലാരും പോയപ്പോള്‍,
നാണിച്ച ചെറുപയ്യന്‍ പോയല്ലോ കളരീലും... !!

നിങ്ങള്‍ ഓര്‍ക്കുനുണ്ടോ താഴത്തെ ഈ വരികള്‍

"ഞാനെന്നും വീട്ടില്‍ ചെന്നാല്‍ ആനന്ദം കലര്‍ന്നെന്റെ
വാഴയ്ക്ക് വളമിട്ടു വെള്ളം കോരും "

"നീളത്തില്‍ തടമെടുത്തു വട്ടത്തില്‍ കുഴികുത്തീട്ടങ്ങനെ
പാകണം ചെഞ്ചീര "

തടികൊണ്ടുള്ള ചട്ടക്കൂടോടുകൂടിയ 'സ്ലേറ്റും പെന്‍സിലും സ്ലേറ്റ് പച്ചയും (മഷിത്തണ്ട് ചെടി )' ഓര്‍ക്കുന്നുണ്ടോ?



സ്ലേറ്റില്‍ എഴുതിയ അക്ഷരങ്ങള്‍ സ്ലേറ്റ് പച്ചകൊണ്ട് മായ്ക്കുമ്പോഴുള്ള മണം ഓര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

*******************************************************************
ഇതെല്ലാം നിങ്ങള്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്റെ ഉദ്യമം വിജയകരം.

പിന്നെ മറ്റൊന്നുകൂടി ദൈവം എന്നൊന്നുണ്ടെങ്കില്‍ , "നിനക്കെന്താണ് വേണ്ടതെന്നു? " പുള്ളിക്കാരന്‍ ചോദിച്ചാല്‍ , എന്റെ കുട്ടിക്കാലം എനിക്ക് തിരിച്ച്‌ കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാന്‍ പറയും

"
ഞങ്ങളുടെതുപോലൊരു കുട്ടിക്കാലം ഇനി വരുന്ന തലമുറക്കും കൊടുക്കണേ" എന്ന്.