Wednesday, October 5, 2011

ലവന്‍ പറഞ്ഞ കഥ, ഇത് ലവന്റെ കഥ

ഇത് നടന്ന ഒന്നല്ല . നടന്നുകൊണ്ടിരിക്കുന്നതോ ഇനി നടക്കാന്‍ സാധ്യതയുള്ളതോ അല്ല . ഉറക്കമില്ലാത്ത രാത്രികളില്‍ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞു നടന്നപ്പോള്‍ വന്നു കൂടിയവയെ ഒന്നടുക്കിവച്ചപ്പോള്‍ ഇങ്ങനെയൊക്കെയായി . സഹിക്കുക , ക്ഷമിക്കുക, സഹകരിക്കുക ...

ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്. അഥവാ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്ങില്‍ ഓര്‍മിച്ചുകൊള്‍ക അത് കരുതിക്കൂട്ടിത്തന്നെയാണ്

ഇത് ദോ ലവന്‍ ഇവനോട് പറഞ്ഞത്. ഇത് ലവന്റെ കഥ .
ലവന്‍ കഥ പറഞ്ഞു തുടങ്ങി.


കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി. എനിക്ക് പോകാനുള്ള വാഹനം ഇതുവരെയും എത്തിയില്ല . ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? .ഞാന്‍ പേര് പറഞ്ഞില്ല, അല്ലേ? എന്നെ നിങ്ങള്‍ക്ക് 'എക്സ് ' എന്ന് വിളിക്കാം , where 'X' is a variable that can have values സുഗുണന്‍, രാജപ്പന്‍, ഗോപാലന്‍, കുട്ടപ്പന്‍, etc. അയ്യോ ,സോറി കുറച്ച് സമയത്തേക്ക് ഏതോ ക്ലാസ്സില്‍ ആണെന്ന് തോന്നിപ്പോയി. തോന്നലില്‍ നിന്ന് ഉടലെടുത്ത വികാര വിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാകാതെ വന്നപ്പോല്‍ ഉണ്ടായ ഒരു പ്രതിഭാസമായിരുന്നു... ദേ പിന്നേം കയ്യീന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്താണ് ഇവിടുത്തെ പ്രശനം? എന്റെ പേരാണ് അല്ലേ? എന്നെ നിങ്ങള്‍ മി.എക്സ് എന്നുതന്നെ വിളിച്ചോളൂ.പ്രശ്നം തീര്‍ന്നില്ലേ. അല്ല പിന്നെ.

ഒരു വണ്ടി വന്നു നിന്നു. ഞാന്‍ തിരക്കിട്ട് അതിലേക്കു കയറാന്‍ ശ്രമിച്ചു . അതിലെ ജീവനക്കാരന്‍ എന്നെ വാതിലില്‍ തടഞ്ഞു.
"നിങ്ങള്‍ക്ക് കയറാനുള്ള സമയമായില്ല. അടുത്ത വണ്ടിയില്‍ കയറാം."
"അടുത്ത വണ്ടിക്കു എത്ര നേരം കാക്കണം?". ഒരു തുറിച്ച് നോട്ടത്തിലോതുങ്ങി അയാളുടെ മറുപടി.
വീണ്ടും കാത്തുനില്‍പ്പ്.
എന്നെ യാത്ര അയക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരെ ഒന്ന് നോക്കി. അവരുടെ മനസ്സില്‍ എന്നെ വിട്ടുപിരിഞ്ഞതിലുള്ള ദുഃഖം കുറഞ്ഞുവരുന്നുണ്ട്. ക്രമേണ അതില്ലതായിക്കൊള്ളും. എന്നെപ്പറ്റി ഒരിക്കലും ഓര്‍ക്കാതായിക്കൊള്ളും. അല്ല ഓര്‍ക്കാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടുമില്ല.

"ഇനി നിങ്ങള്‍ക്ക് കയറാം." മുന്നില്‍ വന്നു നിന്ന വണ്ടിയിലെ ജീവനക്കാരന്‍ .
യാത്ര തുടങ്ങുകയ്യാണ്. ലോകത്തിലേക്ക് ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്ര.
സൈഡ് സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കാഴ്ചകള്‍ കാണാമല്ലോ?. വണ്ടി ചലിച്ചു തുടങ്ങി. പുറത്തേക്ക് നോക്കി. ഒന്നും കാണാന്‍ പറ്റുന്നില്ല. മുഴുവന്‍ മൂടല്‍മഞ്ഞുപോലെ . ഞാന്‍ എന്റെ Apple iPhone എടുത്തു ഒരു പാട്ട് വച്ചു.
" അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം" യേശുദാസ്‌ പാടുന്നു
പിന്നെയും കുറെ പാട്ടുകള്‍. "ലജ്ജാവതിയെ.." കേട്ടുതുടങ്ങിയപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമായി . മുന്നില്‍ ഒരു കൂറ്റന്‍ കവാടം.
കാവലിനു നാല് കൊമ്പന്‍ മീശക്കാരന്മാര്‍. ഓരോരുത്തരെയായി പേര് വിളിച്ചു കയറ്റുകയാണ്.
"മി.എക്സ് ?"
" അണ്ണാ ഇവിടൊണ്ടേ.." ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.
"അകത്തേക്ക് കയറിക്കോളൂ . പിന്നെ കയ്യിലിരിക്കുന്ന സാധനം ഇവിടെ വച്ചിട്ട് പോയാല്‍ മതി. "
'കയ്യിലിരിക്കുന്ന സാധനം' എന്ന് ഉദ്ദേശിച്ചത് എന്റെ Apple iPhone ആണെന്ന് എനിക്ക് മനസ്സിലായി.
"അയ്യോ ഇതെന്റെ സ്വന്തം സാധനം . ഞാന്‍ എവിടെന്നും കട്ടതോന്നുമല്ല"
"എന്തായാലും സാധനം ദോ അതിനടുത്ത് വച്ചിട്ട് കയറിയാല്‍ മതി" , ഒരു വാക്വം ട്യൂബു റേഡിയോയേ ചൂണ്ടിക്കാണിച്ചുക്കൊണ്ട് പറഞ്ഞു.
" റേഡിയോ?"
" അത് കുറച്ചുനാള്‍ മുന്‍പ് മാക്രോണി എന്നൊരുത്തന്‍ അവന്റെ വലിയ കണ്ടുപിടിത്തമാണെന്നു പറഞ്ഞു കൊണ്ടുവന്നതാ. അതിനടുത്ത് വച്ചിട്ട് വേഗം അകത്തേക്ക് കയറിക്കോളൂ" , കൊമ്പന്‍ മീശക്കാരന്‍ പറഞ്ഞു.
" കയറിയിട്ട് എങ്ങോട്ട് പോകണം?"
" കാലന്റെ ഓഫീസിലേക്ക് . ദേ , അയാളോടൊപ്പം പോയാല്‍മതി" , മറ്റൊരു കൊമ്പന്‍ മീശക്കാരനെ കാണിച്ചു പറഞ്ഞു.
ഞാന്‍ കൊമ്പന്‍ മീശക്കാരന്റെ അടുത്ത് ചെന്നു.
" ഹലോ , ഞാന്‍ മി.എക്സ് "
" ഞാന്‍ , ചിത്രഗുപ്തന്‍ " , അയാളും പരിചയപ്പെടുത്തി.
", ചിത്രഗുപ്തന്‍, ഞാന്‍ കേട്ടിട്ടുണ്ട് . താങ്കളുടെ പേര് വിളിക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഞാന്‍ നിങ്ങളെ മി.ചി.ഗു എന്ന് വിളിക്കാം. എങ്ങനുണ്ട്?". അത് അയാള്‍ക്കാത്ര ഇഷ്ട്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നി.
ഞാന്‍ മനോഹരമായ ഒരു ഉദ്യാനത്തിനു നടുവിലൂടെയാണ്‌ സഞ്ചരിക്കുന്നത്. അതിന്റെ ഒരറ്റത്ത് രണ്ടു പേര്‍ ഇരുന്ന് ചെസ്സ്‌ കളിക്കുന്നുണ്ടായിരുന്നു - ഗാന്ധിജിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും .
ഹിറ്റ്‌ലര്‍ എങ്ങോട്ടോ ധൃതിയില്‍ പോകുന്നുണ്ട്.
"മി.ചി.ഗു, അയാള്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ?"
" കാലന്റെ പോത്തിന് പുല്ല് പറിക്കേണ്ട ഊഴം ഇന്ന് അയാള്‍ക്കാണ് ", മി. ചി.ഗുവിന്റെ മറുപടി.

എതിരെ വന്ന സില്‍ക്ക് സ്മിതയ്ക്ക് ഒരു ഫ്ലയിംഗ് കിസ്സ്‌ കൊടുത്തു മുന്നാട്ട് നടന്നപ്പോഴാണ് പോസ്റ്റര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത് .
' സ്വര്‍ഗനഗരി , പരലോക ഓഡിറ്റൊറിയത്തില്‍ കഥാപ്രസംഗം.'
'കാഥികന്‍ - സര്‍വശ്രീ. സാംബശിവന്‍ '
'കഥ - ഒഥല്ലോ'
' സമയം- '
സമയം അത് എത്രയെന്നു എനിക്ക് വായിക്കാന്‍ കഴിയുന്നില്ല.
"മി.ചി.ഗു സുകുമാരക്കുറുപ്പ് ഇങ്ങോട്ടങ്ങാനും വന്നിരുന്നോ?"
" അവന്റെ കാര്യം മാത്രം ഇവിടെ മിണ്ടരുത്. വന്നു രണ്ടാമത്തെ ദിവസം മുങ്ങിയതാണ് . അവനെ കണ്ടുകിട്ടിയാല്‍ പിടിച്ചുകെട്ടി ഭൂമിയിലെക്കുതന്നെ തിരിച്ചുവിടാനാണ് കാലന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗതീരുമാനം. മാത്രമല്ല അയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ കാലന്റെ വക പ്രത്യക ചായസല്‍ക്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്."
"അണ്ണാ , അങ്ങേര് ഇവിടേം പൊളപ്പ് തന്ന അല്ലേ ?"
" ഉം" മറുപടിയായി ചി.ഗു ഒന്ന് മൂളുകമാത്രം ചെയ്തു.

ഞങ്ങള്‍ കാലന്റെ ഓഫീസില്‍ എത്തി.
"നമസ്കാരം കാലന്‍ ജീ "
"നമസ്കാരം മി.എക്സ് . യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു?"
" സുഖമായിരുന്നു " ,ഞാന്‍ മറുപടി പറഞ്ഞു.
"ചിത്രഗുപ്താ എടുത്തോളൂ ഇവന്റെ പറ്റു പുസ്തകം. കണക്കെടുപ്പിനുള്ള സമയമായി.".
മി.ചി.ഗു എന്റെ കണക്കുപുസ്തകം കാലനെ ഏല്‍പ്പിച്ചു. അതിലെ പേജുകള്‍ ഒന്നൊന്നായി മറിച്ച്‌ നോക്കിക്കൊണ്ട്‌ എന്നോട് ചോദിച്ചു.
" മി.എക്സ് നിങ്ങള്‍ എത്ര പാപങ്ങള്‍ ചെയ്തിട്ടുണ്ട്? "
" അയ്യായിരത്തി അഞ്ഞൂറ്റി പത്തൊന്‍പത് പാപങ്ങള്‍ ", ഒരു നിമിഷം ആലോചിച്ചശേഷം ഞാന്‍ പറഞ്ഞു.
" പന്ത്രണ്ടായിരത്തി ഇരുനൂറ്റിപ്പത്ത് ഉറുമ്പുകള്‍, പതിനായിരത്തി മുന്നൂറ്റി അന്‍പത്തിയൊന്നു കൊതുകുകള്‍, അറുന്നൂറ്റി പത്തൊന്‍പത് മൂട്ടകള്‍, ഇരുപ്പത് പഴുതാരകള്‍, എട്ടു എലികള്‍ ഇവയെയൊക്കെ കൊന്നതും പാപങ്ങളുടെ കൂട്ടത്തില്‍പ്പെടും കേട്ടോ ?",കാലന്‍ പറഞ്ഞത് ശരിയാണ് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
" എന്നാപ്പിന്നെ മി.എക്സ് താങ്കളുടെ പാപങ്ങളും നന്മകളും കൂടി ഒന്ന് തൂക്കി നോക്കാം അല്ലെ?"
" ആയിക്കോട്ടെ കാലന്‍ ജീ ". മി.ചി.ഗു എന്റെ പാപങ്ങളെയും നന്മകളെയും തൂക്കി നോക്കുകയാണ്. പാപങ്ങളുടെ തട്ട് താഴുന്നുതന്നെ ഇരിക്കുന്നു.
ഹോ, തിളച്ച എണ്ണയിലുള്ള നീന്തല്‍ , ചുട്ടുപഴുപ്പിച്ച കമ്പികള്‍ കൊണ്ടുള്ള അടി, തീയ്ക്കു കുറുകെ കെട്ടിയ തലനാരിഴ മാത്രം വലിപ്പമുള്ള ചരടിലൂടെയുള്ള നടത്തം. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.ഞാന്‍ എന്തായാലും നരകത്തിലേക്ക് പോകാന്‍ തയ്യാറെടുത്തുതുടങ്ങി.

"മി. എക്സ് താങ്കള്‍ക്ക് ഒരവസരം കൂടി തരാം.", എന്തൊക്കെയോ പരിശോധിച്ചശേഷം കാലന്‍ പറഞ്ഞു.
"നിങ്ങള്‍ ഒന്നുകൂടി ഭൂമിയില്‍ പോയി വരേണ്ടിവരും. പക്ഷേ ഇനി പോയിവരുമ്പോള്‍ അന്ന് നിങ്ങള്‍ ചെയ്തിരിക്കുന്ന പാപങ്ങളുടെ ആകെ ഭാരത്തെ ഇപ്പോഴത്തെ നന്മകളുടെ മൂന്നിരട്ടികൊണ്ട് ഭാഗിക്കും.അപ്പോള്‍ കിട്ടുന്ന സംഖ്യ ഇപ്പോഴത്തെ പാപങ്ങളുടെ ഭാരത്തെക്കാള്‍ കുറവാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ നീ കഷടപ്പെടും മോനെ "

ഒരവസരം കൂടി കിട്ടിയ സന്തോഷത്തില്‍ ഞാന്‍ കാലന് നന്ദി പറഞ്ഞു."thank you കാലന്‍ ജീ thank you very much ".

അങ്ങനെ മി.ചി ഗുവിനോടും കാലനോടും യാത്ര പറഞ്ഞു ഞാനിറങ്ങി , ഇവിടെ ഒരു ജീവിതം കൂടി ജീവിച്ച് തീര്‍ക്കാന്‍ ....

കൂയ് : ദാ കിടക്കുന്നു ലവന്റെ ഒരു കഥ. സഹിച്ചതിന് നന്ദി. ഇനി നിങ്ങള്‍ തരുന്നതെന്തും ഞാന്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുകൊള്ളാം .

Tags: നര്‍മ്മം, പുനര്‍ജ്ജന്മം , സങ്കല്പം