Thursday, July 22, 2010

അവന്‍ , അവള്‍ , അവര്‍

അവള്‍ :

സൂര്യന്റെ താമരയെ
വിരിയിക്കുന്നതുപോലെ ...!!
തിങ്കളിന്റെ നിലാ വെളിച്ചം
ആമ്പലിനെ പുണരുന്നതുപോലെ ...!!
നിന്റെ സാമീപ്യം എന്നെ
തരളിതയാക്കുന്നതെന്തിനായിരിക്കാം ...??

അവന്‍ :

അന്ന് കുട്ടിക്കാലത്ത്
താഴെ വീണുകിടക്കുന്ന കുന്നിക്കുരുമണികള്‍ പെറുക്കിയെടുക്കാന്‍
നിന്നോട് മത്സരിക്കുമ്പോഴും ...!!
ഒരു കര്‍ക്കിടകമഴയില്‍ കളിക്കൂട്ടുകാരി നിന്നോടൊപ്പം
ഒരു പുതപ്പിനുള്ളിലേക്ക് വലിയുമ്പോഴും...!!
നിന്റെ കയ്യും പിടിച്ച് പള്ളിക്കൂടത്തിന്റെ
പടവുകള്‍ കയറുമ്പോഴും ...!!
ഞാനാശിച്ചു എന്നും കളിക്കൂട്ടുകാരി
എന്നോടോപ്പമുണ്ടയിരുന്നെങ്കില്‍ ........!!!

അവര്‍:

ഇന്ന് തീരത്ത് നമ്മുടെ കണ്ണുകള്‍
പരസ്പരം ഒന്നുടക്കിയപ്പോള്‍ ...
നാം പറയാതെ പറഞ്ഞത്
നമ്മള്‍ പ്രണയിക്കുന്നു എന്നല്ലേ..??

Friday, July 16, 2010

അവള്‍ തിരുത്തുന്നു

"അമ്മക്ക് ഇന്നും ജോലിക്ക് പോണോ?" കണ്ണാടിക്കു മുന്‍പില്‍ നിന്ന് മുല്ലപ്പു ചൂടുമ്പോള്‍ അവളോട്‌ പന്ത്രണ്ടു വയസ്സുകാരി മകള്‍ ചോദിച്ചു.
'പോകണം മോളെ.' അവള്‍ പറഞ്ഞു .

' എന്റെ കൂട്ടുകാരികളുടെ അമ്മമാരെല്ലാം പകലാണല്ലോ ജോലിക്ക് പോകുന്നത് .. അമ്മക്ക് മാത്രമെന്താ ഇങ്ങനെ ?'
'അങ്ങനെ ആയിപ്പോയി മോളെ അമ്മയുടെ ജീവിതം' , അവള്‍ പറഞ്ഞു .
അമ്മ പറഞ്ഞതെന്താണ് എന്നൊന്നും ആ പന്ത്രണ്ടുകാരിക്ക് മനസ്സിലായില്ല ..

' ടീ പെണ്ണേ നിന്റെ അമ്മയെ വിളിക്ക് ' വീടിന്റെ വാതുക്കല്‍ നിന്ന ആ കുട്ടിയോട് ഗോപാലന്‍ പറഞ്ഞു.
അയാളാണ് എന്നും ആ കുട്ടിയുടെ അമ്മയെ ജോലിക്ക് കൊണ്ടുപോകുന്നത്

'മോളെ നിന്റെ കുഞ്ഞു പെങ്ങള്‍ക്ക് കൊടുക്കാനുള്ള പാല് എടുത്തു വച്ചിട്ടുണ്ട്. അത് അവള്‍ക്കു കൊടുത്തിട്ട് നിങ്ങള്‍ കിടന്നോളൂ' അയാളോടൊപ്പം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവളുടെ അമ്മ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

'' ചേച്ചി ഇന്നും ജോലിക്ക് പോണോ? ' കുഞ്ഞനുജത്തി ഇത് ചോദിച്ചപ്പോള്‍ ആ പഴയ പന്ത്രണ്ടുകാരിയുടെ ഉള്ളൊന്നു പിടഞ്ഞു.

റെയില്‍വേ ട്രാക്കില്‍ കണ്ട അമ്മയുടെ ചതഞ്ഞരഞ്ഞ ശരീരം, സഹായിക്കാന്‍ എന്നപേരില്‍ പുഞ്ചിരിച്ച മുഖവുമായി വന്ന ഗോപാലന്‍ , തന്റെ ചുറ്റും കഴുകന്റെ കണ്ണുമായി കറങ്ങുന്നവര്‍ , ആ പന്ത്രണ്ടുകാരിക്കുണ്ടായ മാറ്റങ്ങള്‍ എല്ലാം അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.

'എല്ലാം ആവര്‍ത്തിക്കപ്പെടുകയാണോ മോളെ?'
' ഇല്ല ഒന്നും ആവര്‍ത്തിക്കപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല . ഇനി ചേച്ചി രാത്രിയില്‍ ജോലിക്ക് പോകില്ല' കണ്ണുനീര്‍ തുടച്ചുകൊണ്ടവള്‍ പറഞ്ഞു.

തലയില്‍ ചൂടിയിരുന്ന മുല്ലപ്പു വലിച്ചെറിഞ്ഞ് വീടിന്റെ മുന്‍വശത്ത് നിന്നിരുന്ന ഗോപാലന്റെ കണ്ണുവെട്ടിച്ചു പിന്‍ വാതിലിലൂടെ കുഞ്ഞനുജത്തിയുടെ കൈയും പിടിച്ചു ആ വീട് വിട്ടിറങ്ങുമ്പോള്‍ അവള്‍ ഒന്നുറപ്പിച്ചിരുന്നു.

"കൊത്തിവലിക്കാന്‍ നില്‍ക്കുന്ന കഴുകന്മാരുടെ ഇടയിലേക്ക് ഇനി ഒരിക്കലുമില്ല...."

Monday, July 12, 2010

ചിന്താകാണ്‌ഡം

ഇടിഞ്ഞു പൊളിഞ്ഞ പടിപ്പുര നടന്നിറങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചത് അമ്മയെ കുറിച്ചായിരുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവില്‍ നിന്ന് ക്ഷയിച്ചു ഇല്ലാതായ തറവാടിന്റെ നേര്‍ചിത്രം, അവന്റെ അമ്മ ...

വഴിയോരത്ത് മൊട്ടിട്ടു തുടങ്ങിയ മുല്ലചെടിയെ കണ്ടപ്പോള്‍ അവന്റെ മനസ്സില്‍ ചാറ്റൊളി പോലെ പെയ്തിറങ്ങിയത്‌ "ചേട്ടാ, വരുമ്പോള്‍ കുറച്ചു കരിവളയും കണ്മഷിയും കൂടി വാങ്ങി വരണേ " എന്ന് പറഞ്ഞ കുഞ്ഞു പെങ്ങളുടെ മുഖം....

കതിരിട്ടു തുടങ്ങിയ നെല്‍ പാടത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ അവന്‍ ചിന്തിച്ചത് ജന്മിത്വത്തിന്റെ നിറവില്‍ നിന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തറവാടിനെ തള്ളിവിട്ട ഭൂപരിഷ്കരണ നിയമത്തെ കുറിച്ച്. ...

കവലയില്‍ നാട്ടിയിരുന്ന ചെങ്കൊടി അവന്റെ ചിന്തയെ നയിച്ചത് സമുദായത്തിലെ മാമൂലുകള്‍ക്കെതിരെ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു, അച്ഛന്‍ തിരുമേനിയോട് വഴക്കിട്ട് ഇറങ്ങിപോയ ചേട്ടനിലേക്ക്....

നല്ല പോലെ അലങ്കരിച്ച ഒരു വിവാഹ വണ്ടി മുന്നിലൂടെ കടന്നു പോയപ്പോള്‍ അവന്‍ ചിന്തിച്ചത് വിവാഹം കഴിഞ്ഞു ഒരു മാസം പോലും തികയും മുന്‍പ് വൈധവ്യത്തിന്റെ കൈയ്പ്പുനീര്‍ കുടിക്കെണ്ടിവന്ന ചേച്ചിയെക്കുറിച്ചു....

ചിന്തകളുടെ ഭാരവും പേറി അവന്‍ ചെന്ന് നിന്നത് 'BAR' എന്ന മൂന്നക്ഷരം മാത്രമുള്ള ബോര്‍ഡ്‌ വച്ച കെട്ടിടത്തിനു മുന്‍പില്‍...

അതിനുള്ളില്‍ നിന്നിറങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചത് സമുദായം അരുത് എന്ന് പറഞ്ഞ , അവന്റെയുള്ളില്‍ കിടക്കുന്ന മദ്യത്തിന്റെയും മാംസത്തിന്റെയും വീര്യം എത്രനേരം കൂടി ഉണ്ടാകും എന്നതിനെപ്പറ്റി മാത്രം ... !!!!

Friday, July 9, 2010

യാത്രാമൊഴി........

അകന്നു പോകരുതെന്നു പറയാന്‍
എനിക്കാവില്ല....
തീരുമാനം നിന്റേതു മാത്രമായിരുന്നല്ലോ???
എങ്കിലും സുഖദുഖങ്ങളുടെ ഭാരവും പേറി
യാത്ര തുടരുമ്പോള്‍..
എപ്പോഴെങ്കിലും ഒരു തണല്‍ വേണമെന്നു തോന്നിയാല്‍
ഒന്ന് തിരിഞ്ഞു നോക്കുക ....
പിന്നില്‍ ഞാനുണ്ടാകും ...!!!!!!!!