"അമ്മക്ക് ഇന്നും ജോലിക്ക് പോണോ?" കണ്ണാടിക്കു മുന്‍പില്‍ നിന്ന് മുല്ലപ്പു ചൂടുമ്പോള്‍ അവളോട് പന്ത്രണ്ടു വയസ്സുകാരി മകള്‍ ചോദിച്ചു.
'പോകണം മോളെ.' അവള്‍ പറഞ്ഞു .
' എന്റെ കൂട്ടുകാരികളുടെ അമ്മമാരെല്ലാം പകലാണല്ലോ ജോലിക്ക് പോകുന്നത് .. അമ്മക്ക് മാത്രമെന്താ ഇങ്ങനെ ?'
'അങ്ങനെ ആയിപ്പോയി മോളെ അമ്മയുടെ ജീവിതം' , അവള്‍ പറഞ്ഞു .
അമ്മ പറഞ്ഞതെന്താണ് എന്നൊന്നും ആ പന്ത്രണ്ടുകാരിക്ക് മനസ്സിലായില്ല ..
' ടീ പെണ്ണേ നിന്റെ അമ്മയെ വിളിക്ക് ' വീടിന്റെ വാതുക്കല്‍ നിന്ന ആ കുട്ടിയോട് ഗോപാലന്‍ പറഞ്ഞു.
അയാളാണ് എന്നും ആ കുട്ടിയുടെ അമ്മയെ ജോലിക്ക് കൊണ്ടുപോകുന്നത്
'മോളെ നിന്റെ കുഞ്ഞു പെങ്ങള്‍ക്ക് കൊടുക്കാനുള്ള പാല് എടുത്തു വച്ചിട്ടുണ്ട്. അത് അവള്‍ക്കു കൊടുത്തിട്ട് നിങ്ങള്‍ കിടന്നോളൂ' അയാളോടൊപ്പം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവളുടെ അമ്മ പറഞ്ഞു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
'' ചേച്ചി ഇന്നും ജോലിക്ക് പോണോ? ' കുഞ്ഞനുജത്തി ഇത് ചോദിച്ചപ്പോള്‍ ആ പഴയ പന്ത്രണ്ടുകാരിയുടെ ഉള്ളൊന്നു പിടഞ്ഞു.
റെയില്‍വേ ട്രാക്കില്‍ കണ്ട അമ്മയുടെ ചതഞ്ഞരഞ്ഞ ശരീരം, സഹായിക്കാന്‍ എന്നപേരില്‍ പുഞ്ചിരിച്ച മുഖവുമായി വന്ന ഗോപാലന്‍ , തന്റെ ചുറ്റും കഴുകന്റെ കണ്ണുമായി കറങ്ങുന്നവര്‍ , ആ പന്ത്രണ്ടുകാരിക്കുണ്ടായ മാറ്റങ്ങള്‍ എല്ലാം അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
'എല്ലാം ആവര്‍ത്തിക്കപ്പെടുകയാണോ മോളെ?'
' ഇല്ല ഒന്നും ആവര്‍ത്തിക്കപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല . ഇനി ചേച്ചി രാത്രിയില്‍ ജോലിക്ക് പോകില്ല' കണ്ണുനീര്‍ തുടച്ചുകൊണ്ടവള്‍ പറഞ്ഞു.
തലയില്‍ ചൂടിയിരുന്ന മുല്ലപ്പു വലിച്ചെറിഞ്ഞ് വീടിന്റെ മുന്‍വശത്ത് നിന്നിരുന്ന ഗോപാലന്റെ കണ്ണുവെട്ടിച്ചു പിന്‍ വാതിലിലൂടെ കുഞ്ഞനുജത്തിയുടെ കൈയും പിടിച്ചു ആ വീട് വിട്ടിറങ്ങുമ്പോള്‍ അവള്‍ ഒന്നുറപ്പിച്ചിരുന്നു.
"കൊത്തിവലിക്കാന്‍ നില്‍ക്കുന്ന കഴുകന്മാരുടെ ഇടയിലേക്ക് ഇനി ഒരിക്കലുമില്ല...."
No comments:
Post a Comment