Sunday, August 8, 2021

എനിക്കും നിനക്കും  മാത്രമായി ഒരിടമുണ്ടായിരുന്നെങ്കിൽ 

സ്വപ്നങ്ങളും ചിന്തകളും പ്രതീക്ഷകളും
ചെറിയ പരിഭവങ്ങളും ഒക്കെ  പങ്ക് വയ്ക്കാൻ ഒരിടം

എന്റെ മുടിയിഴകളെ തഴുകി അടുത്തു നിന്നപ്പോൾ നീ പറയാൻ ബാക്കി വച്ചത് പറയാനൊരിടം 

ആ ഒരിടത്തെ നീ അത്രമേൽ ആഗ്രഹിക്കുന്നുവെന്ന് 
എന്നെ തലോടിയ വിരലുകൾ എന്നോട് പറഞ്ഞ പോലെ


Saturday, August 7, 2021

എവിടെയോ മറന്നുവച്ച അക്ഷരങ്ങളെ ഞാൻ തിരയാൻ തുടങ്ങിയിരിക്കുന്നു.

തിരഞ്ഞു കിട്ടി  കൂട്ടി വച്ച അക്ഷരങ്ങൾക്ക്  പക്ഷേ വാക്കുകളെ പൂർണമാക്കാൻ കഴിയുന്നില്ല.

എങ്കിലും ഞാൻ കൂട്ടി വച്ച അക്ഷരങ്ങളിൽ നിന്റെ കണ്ണ് പതിയുമ്പോൾ അവ പൂർണമാകുന്നുണ്ടെന്ന് എനിക്ക് തോന്നിപ്പോകുന്നു.
 
മറന്നു വച്ച അക്ഷരങ്ങളെ വീണ്ടും തിരിയാൻ പോകുന്നു 

Thursday, July 29, 2021



നമ്മൾ പരസ്പരം വലിച്ചടുപ്പിക്കപ്പെട്ടവരല്ല. നമുക്കിടയിലെ അടുപ്പം കാലം നമ്മുക്ക് വേണ്ടി മാത്രം കരുതി വെച്ച് സമ്മാനിച്ച മനോഹാരിതയാണ്.

ഒരുമിച്ചുള്ള യാത്രകൾ ആ അടുപ്പത്തെ / നമ്മുടെ മനസിനെ കൂടുതൽ ആർദ്രമാക്കുന്നത് ഞാനറിയുന്നു.

നനുത്ത വിരലുകൾ എന്റെ നെഞ്ചോടു ചേർത്ത് എന്റെ തോളോട് തല ചായ്ച്ച് ഒപ്പം പോരുമ്പോൾ ഞാനറിഞ്ഞു നിന്റെ മനസിൽ തളം കെട്ടിനിന്ന ഒറ്റപ്പെടലിന്റെ വേദനയെ നീ മറികടന്നത് കാലം നമ്മുക്ക് സമ്മാനിച്ച ആ അടുപ്പം കൊണ്ടാണെന്ന് , ആ നനുത്ത വിരലുകൾ എന്റെ ഉള്ള് തൊട്ടറിയുന്നുവെന്ന് .

Friday, July 23, 2021

അദൃശ്യമായ എന്തോ ഒന്ന് നമ്മെ ചേർത്തു നിർത്തുന്നുണ്ടാകാം
എനിക്കും നിനക്കുമിടയിടെ നീണ്ട മൗനത്തിലും എന്നിൽ നിന്നും ഒഴിത്തുമാറിയ കണ്ണുകളിൽ നിന്റെ മനസ് തൊട്ടറിഞ്ഞത് അതുകൊണ്ടാകാം
നിന്നിലെ എന്നെ അറിഞ്ഞതും അതുകൊണ്ടാകാം

Thursday, July 15, 2021

ഓർത്തു വയ്ക്കാൻ കുറച്ച് സമയം കൊണ്ട് മധുരമുള്ള കുറച്ച് ഓർമ്മകൾ തന്ന തീരത്തിനോട് പറയാനുള്ളത്

അമ്മയുടെ ഒക്കത്തിരുന്ന് ഭയന്ന് വിതുമ്പിക്കൊണ്ട് തിരയേ നീ തീരം തൊടുന്നത് കണ്ടപ്പോൾ ഞാൻ  അറിഞ്ഞിരുന്നില്ല നീ ആർത്തുല്ലസിച്ച് തീരത്തെ പുൽകിയതാണെന്ന് അല്ലാതെ ആ കുഞ്ഞു മനസിനെ പേടിപ്പെടുത്തിയതല്ലെന്ന് .

ഇന്നെനിക്ക് നിന്നെ പേടിയില്ല പക്ഷേ എന്നിട്ടും  എന്തേ അവൾ നിന്നെ നോക്കി എന്റെ തോളോടു ചാഞ്ഞപ്പോൾ ഒന്നു ചേർത്തു പിടിച്ചില്ല , ഒന്നു തലോടിയില്ല. 

Thursday, July 8, 2021

തിരയോട് പറഞ്ഞത്

എന്നോട് ചേർന്ന്  തോളിൽ തലചായ്ച്ച്  ഒപ്പം നില്ക്കുമ്പോൾ എതിരേ വീശിയെ കാറ്റിനെ കടന്ന് തീരത്തെ പുൽകിയ തിര എന്നോട് രഹസ്യമായി ചോദിച്ചു 
' ഇവൾ നിനക്ക് ആരാണ് ? '
 എന്റെ വിരലുകളെ പുൽകിയ നിന്റെ നനുത്ത വിരലുകളെ മുറുക പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു 
എനിക്കുമിവൾക്കുമിടയിലെ അനന്തമായ അകലത്തിലും ഇവളുടെ അദൃശ്യമായ സാമീപ്യം എന്റെ ഉള്ള് തൊട്ടുണർത്തുമ്പോൾ ഞാനറിയുന്നു ഇവിടെ ഞാനും അവളുമില്ല ഞങ്ങൾ മാത്രം. 
..................................................................................

എന്നോട് ചേർന്നിരുന്ന് എന്നിലേക്ക് തലച്ചായച്ചവൾ ചോദിച്ചു നമ്മൾ തമ്മിലുളള ബന്ധത്തിന്റെ ആഴമെത്ര ?
'ദാ ഈ തീരത്തെ ചുംബിക്കുന്ന തിരകളെ   നീ ഒരായിരം ജന്മമെടുത്ത് എണ്ണുന്നതിനുമപ്പുറം '
അവളോട് പറയാതെ പറഞ്ഞത്

Tuesday, June 15, 2021

ചോദ്യം ഉത്തരം

 " പ്രണയത്തിനും സൗഹൃദത്തിനും വാത്സല്യത്തിനുമപ്പുറം  എന്നൊന്നുണ്ടോ?"
 
" അറിയില്ല "

"ഉണ്ട്"

"എന്ത് ?"

" അതിനെ ഒരു പേരിട്ട് വിളിക്കാൻ എനിക്കറിയില്ല "

"പിന്നെ?" 

" വാക്കുകൾ കൊണ്ട് വിവരിക്കാനാവത്തവിധം ആ ഒന്ന് നമ്മെ ചേർത്തു നിർത്തുന്നുണ്ട്. "

" വാക്കുകൾ ഇല്ലാതാകുമ്പോഴും നമ്മൾ വാചാലമാകുന്നത് അതു കൊണ്ടാകുമല്ലേ?"

"അതേ "

"നമ്മുക്കിടയിലെ മൗനം പോലും സംസാരിച്ചു കൊണ്ടിരിക്കും ഇടവേളകളില്ലാതെ"

" എപ്പോഴും കൂടെയുണ്ടാകും എന്ന് പറഞ്ഞു കൊണ്ട്"